We have 31 guests online
അംഗങ്ങൾ : 183
ലേഖനങ്ങൾ : 143

സാമ്യമുള്ള ലേഖനങ്ങൾ

കൊങ്കണി -ലിനക്സിനു് പുതിയ മോഡല്‍ പാക്കേജ് മാനേജര്‍ E-mail
ലിനക്സ്
Written by Sebin Abraham Jacob   
Tuesday, 14 July 2009 09:48
AddThis

ഗ്നൂ ലിനക്സ് വിതരണങ്ങളുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ച ഡിസ്‌ട്രോ ആണു് കൊങ്കണി (Kongoni). ദ്രാവിഡഭാഷയായ കൊങ്ങിണിയുമായി ഇതിനു് ബന്ധമൊന്നുമില്ല. ഗ്നൂ എന്ന പേരില്‍ അറിയപ്പെടുന്ന മൃഗത്തിന്റെ ഷോന (Shona) ഭാഷയിലെ പേരാണിതു്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ സിംബാബ്‌വേയിലും മൊസാമ്പിക്കിലുമായി പരന്നുകിടക്കുന്ന അഞ്ചു് ഗോത്രവിഭാഗങ്ങളുടെ ഇടയിലെ പ്രധാന ഭാഷയാണു് ഷോന. ഉബുണ്ടുവിനു് ശേഷം ആഫ്രിക്കയില്‍ നിന്നു് വരുന്ന ലിനക്സ് ഡിസ്ട്രോ എന്ന പ്രത്യേകത കൂടി കൊങ്കണിക്കു് അവകാശപ്പെടാം.

പ്രധാനമായും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളെ ലക്ഷ്യമാക്കി തയ്യാറാക്കിയ വിതരണമാണു് കൊങ്കണി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഈ ഡിസ്‌ട്രോയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ അംഗീകരിച്ച ലൈസന്‍സ് പ്രകാരമുള്ളവയൊഴികെ ഒരു പ്രോഗ്രാമും ഉള്‍പ്പെടുത്തില്ല.

ലളിതമായി ഇന്‍സ്റ്റോള്‍ ചെയ്യാനും സുഗമമായി ഉപയോഗിക്കാനും ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യാനും കഴിയുന്ന കൊങ്കണി 32 ബിറ്റ്, 64 ബിറ്റ് സിസ്റ്റങ്ങള്‍ക്കു് വേണ്ടി രണ്ടു് പതിപ്പുകള്‍ സൂക്ഷിക്കുന്നു. സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയോ റണ്‍ചെയ്യുകയോ ആവശ്യാനുസരണം സാധ്യമാവുന്ന ലൈവ് സിഡി (ഐഎസ്ഒ) ഇമേജായാണു് ഒഎസ് ലഭ്യമാവുക.

മഹാന്മാരായ തത്വജ്ഞാനികളുടെ പേരുകളാണു് കൊങ്കണിയുടെ റിലീസുകള്‍ക്കു് നല്‍കുന്നതു്. അരിസ്റ്റോട്ടില്‍ , സോഫോക്ലിസ് തുടങ്ങിയ ഡവലപ്പ്മെന്റ് റിലീസുകളാണു് മുമ്പു് ഇറങ്ങിയതെങ്കില്‍ ആദ്യ സ്റ്റേബിള്‍ വേര്‍ഷനായ നീറ്റ്ഷെ 1.12.2 കഴിഞ്ഞ ദിവസമാണു് പുറത്തിറങ്ങിയതു്. വേര്‍ഷന്‍ നമ്പറിലെ ആദ്യ അക്കം കൊങ്കണിയുടെ സ്റ്റേബിള്‍ റിലീസിനെ കുറിക്കുന്നു. തുടര്‍ന്നുള്ള ഭാഗം (12.2) ബന്ധപ്പെട്ട സ്ലാക്ക്‌വെയര്‍ വേര്‍ഷനെ സൂചിപ്പിക്കുന്നു.
 
 
 
നീറ്റ്‌ഷേയുടെ സ്ക്രീൻഷോട്ടുകൾ
 
 
 
 
 
 
 
 
 
 
 
 
 
 
ബിഎസ്ഡി-യുണിക്സ് ആര്‍ക്കിടെക്ചറിന്റെ ചുവടുപിടിച്ചുള്ള പോര്‍ട്ട്സ് ട്രീ എന്നറിയപ്പെടുന്ന (കമാന്‍ഡ് ലൈന്‍) പാക്കേജ് മാനേജ്മെന്റ് സിസ്റ്റമാണു് കൊങ്കണി ഉപയോഗിക്കുന്നതു്. പ്രോഗ്രാമുകളുടെ സോഴ്‌സ് ഫയലുകള്‍ മാത്രം ഡൌണ്‍ലോഡ് ചെയ്യുകയും അവയുപയോഗിച്ചു് പാക്കേജുകള്‍ ഓട്ടോമാറ്റിക്കായി നിര്‍മ്മിക്കുകയും ചെയ്യുന്ന രീതിയാണിതു്. സോഴ്സില്‍ നിന്നു് പാക്കേജ് കമ്പൈല്‍ ചെയ്യാന്‍ ഉപയോക്താവു് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. ഈ സൌകര്യമുള്ളതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ബാന്‍ഡ്‌വിഡ്ത്ത് വളരെ കുറവായാല്‍ പോലും ആവശ്യമായ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. പരിമിതമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൌകര്യങ്ങളുള്ള ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കു് ഈ രീതി ഉപകാരമാകും. പാക്കേജിനേക്കാള്‍ സോഴ്സ് ഫയലിനു് വലിപ്പം കുറവായിരിക്കും എന്നതാണു് ഈ രീതി പിന്തുടരാന്‍ പ്രേരകം.

ബിഎസ്ഡി യുണിക്സും ആപ്പിളിന്റെ മാക്‍ ഒഎസ് എക്സും ആര്‍ക്‍, ജെന്റൂ, സബായോണ്‍ തുടങ്ങി സോഴ്സ് അധിഷ്ഠിത ഗ്നൂ ലിനക്സ് വിതരണങ്ങളും സമാനമായ പാക്കേജ് മാനേജര്‍ ഉപയോഗപ്പെടുത്തുന്നുണ്ടു്. എന്നാല്‍ കൊങ്കണി സോഴ്സ് അധിഷ്ഠിത വിതരണമല്ല. സിഡിയില്‍ നിന്നു് നേരിട്ടു് റണ്‍ചെയ്യാനാവുന്ന ബൈനറി പരുവത്തിലാണു് കൊങ്കണി ലഭിക്കുന്നതു്. ഇന്‍സ്റ്റൊളേഷന്‍ സിഡിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ലാത്ത അധിക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ മാത്രമാണു് ഈ രീതി ഉപയോഗിക്കുന്നതു്. ബിഎസ്ഡി യുണിക്സ് സിസ്റ്റം ഇതേ രീതി പിന്തുടരുന്നുണ്ടെങ്കിലും ഗ്നൂ ലിനക്സ് സിസ്റ്റത്തില്‍ താരതമ്യേന പുതിയതാണു്, ഈ സമീപനം.

ലാറ്റിന്‍ അമേരിക്കന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ മെയിന്റെയിന്‍ ചെയ്യുന്ന ലിനക്സ്-ലിബര്‍ (Linux-Libre) വേര്‍ഷന്‍ 2.6.29.4 ആണു് നീറ്റ്ഷേയുടെ അടിത്തറ. കൂടാതെ ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് 3.1 ഓഫീസ് സ്യൂട്ട്, ഗ്നൂസില്ല ഐസ്‌ക്യാറ്റ് 3.5 ബ്രൌസര്‍, അമാരോക്‍ 2.1 മീഡിയ പ്ലേയര്‍, കെഡിഇ 4.2.4 ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്, ആഫ്രിക്കന്‍ സണ്‍സെറ്റ് തീം എന്നിവയാണു് സിഡിയില്‍ ഡീഫോള്‍ട്ടായി ചേര്‍ത്തിരിക്കുന്ന പ്രധാന പ്രോഗ്രാമുകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈബ്രറികള്‍ ലഭ്യമായിട്ടുള്ള എല്ലാ സ്റ്റാന്‍ഡേര്‍ഡ് മീഡിയ കോഡെക്കുകളും ഈ വേര്‍ഷനൊപ്പം എത്തുന്നു. അതിനു് പുറമേ ഫുള്‍ ഡിവിഡി സപ്പോര്‍ട്ടും കോര്‍ ഒഎസില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൊങ്കണിയുടെ വികസനം ദക്ഷിണാഫ്രിക്ക ആസ്ഥാനമായാണു് നടക്കുന്നതു് എന്നതിനാല്‍ തങ്ങള്‍ക്കു് ഡിഎംസിഎ, സോഫ്റ്റ്‌വെയര്‍ പേറ്റന്റ് നിയമങ്ങള്‍ തുടങ്ങിയവ ബാധകമല്ലെന്ന നിലപാടാണു് ഡവലപ്പര്‍മാര്‍ക്കുള്ളതു്. നിയമനടപടി ഭയന്നു് മറ്റ് ഡിസ്‌ട്രോകള്‍ ഇന്‍സ്റ്റലേഷന്‍ ഡിസ്കില്‍ നിന്നു് ഒഴിവാക്കുന്ന ഡിവിഡി കോഡെക്കുകള്‍ വിതരണത്തോടൊപ്പം ഡീഫോള്‍ട്ടായി ഉള്‍പ്പെടുത്താന്‍ കൊങ്കണി ഡവലപ്പര്‍മാര്‍ക്കു് ധൈര്യം പകരുന്നതു് ഈ നിലപാടാണു്.

ഉബുണ്ടു ഡെബിയനേയും ഫെഡോറ റെഡ് ഹാറ്റിനേയും അടിസ്ഥാനമാക്കി വികസിപ്പിക്കുന്നതുപോലെ കൊങ്കണി സ്ലാക്ക്‌വെയറിനെ അടിസ്ഥാനമാക്കിയാണു് വികസിപ്പിക്കുന്നതു്. സ്ലാക്ക്‌വെയറിന്റെയും ബ്ലൂവൈറ്റ്64ന്റെയും 12.2 വേര്‍ഷനുമായി പൂര്‍ണ്ണമായും ബൈനറി കമ്പാറ്റിബിള്‍ ആണു് കൊങ്കണി 1.12.2 നീറ്റ്ഷേ. അതായതു് മേല്‍പ്പറഞ്ഞ സിസ്റ്റങ്ങള്‍ക്കായി വികസിപ്പിച്ച പാക്കേജുകള്‍ കൊങ്കണിയിലും കൊങ്കണിക്കായി വികസിപ്പിച്ചവ തിരിച്ചും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്കു് കഴിയും.

കൊങ്കണി ഡിസ്‌ട്രോയ്ക്കു് വേണ്ടി പ്രത്യേകമായി വികസിപ്പിച്ച ചില പ്രോഗ്രാമുകളില്‍ പ്രസക്തമായ നാല് പ്രോഗ്രാമുകളെ കൂടി പരിചയപ്പെടാം.

  • കൊങ്കണി ഇന്‍സ്റ്റോളര്‍ - ഹാര്‍ഡ് ഡ്രൈവിലേക്കു് ലൈവ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലളിതമായ ഇന്‍സ്റ്റലേഷന്‍ വിസാര്‍ഡ്
  • കൊങ്കണി ഇന്‍സ്റ്റന്റ് സെറ്റപ്പ് സിസ്റ്റം (KISS- Keep It Sweet and Simple എന്നതിന്റെയും ചുരുക്കെഴുത്തു്): ഉപയോക്താവിനു് ആവശ്യമെന്നു് തോന്നുന്ന പൊതുവായ കസ്റ്റമൈസേഷന്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന ലളിതമായ മോഡുലാര്‍ വിസാര്‍ഡ്
  • പോര്‍ട്സ് ഇന്‍സ്റ്റലേഷന്‍ GUI (PIG) - പോര്‍ട്സ് ട്രീ ഉപയോഗിച്ചു് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റൊളേഷന്‍, അപ്ഡേഷന്‍, റിമൂവല്‍ എന്നീ കാര്യങ്ങള്‍ ചെയ്യുന്നതിനായുള്ള ഗ്രാഫിക്കല്‍ ഫ്രണ്ട് എന്‍ഡ്. കമാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നതിനു് പകരമായി പിഗ് ഉപയോഗിക്കും.
  • കൊങ്കണി റീമാസ്റ്റര്‍ - പ്രവര്‍ത്തനനിരതമായ ഒരു സിസ്റ്റത്തില്‍ നിന്നു് ഉപയോക്താക്കള്‍ക്കു് കസ്റ്റമൈസ് ചെയ്ത കൊങ്കണി അധിഷ്ഠിത ലൈവ് സിഡികള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ടൂള്‍. ഔദ്യോഗികമായി റിലീസ് ചെയ്യുന്ന കൊങ്കണി ഐഎസ്ഒ ഇമേജുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന അതേ ടൂള്‍ തന്നെയാണിതു്. ഇതുപയോഗിച്ചു് സിഡിയിലേക്കോ ഡിവിഡിയിലേക്കോ സിസ്റ്റത്തിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനുകള്‍ ക്ലോണ്‍ ചെയ്യുകയോ ഇന്‍സ്റ്റലേഷന്‍ ബാക്ക് അപ്പ് ചെയ്യുകയോ ആവാം.
കൊങ്കണിയുടെ ഡവലപ്പര്‍ ബില്‍ഡുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ക്കു് പുതിയ സ്റ്റേബിള്‍ വേര്‍ഷനിലേക്കു് സുരക്ഷിതമായി സിസ്റ്റം അപ്ഗ്രേഡ് ചെയ്യാന്‍ ആവശ്യമായ പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ http://www.kongoni.co.za എന്ന സൈറ്റില്‍ നിന്നു് ലഭിക്കും. ext4, reiserfs, JFS, XFS എന്നിങ്ങനെ നാലു് ഫയല്‍ സിസ്റ്റങ്ങളാണു് നീറ്റ്ഷേ സപ്പോര്‍ട്ട് ചെയ്യുന്നതു്. ഇവയില്‍ ഏതു് വേണമെങ്കിലും ഒഎസിന്റെ റൂട്ട് ഫയല്‍ സിസ്റ്റം ആയി ഉപയോഗിക്കാം. പ്രോജക്ട് അനൌണ്‍സ് ചെയ്തു് വെറും എട്ടുമാസത്തിനുള്ളില്‍ തന്നെ കൊങ്കണി സ്റ്റേബിള്‍ റിലീസിലേക്കു് വരികയാണു്.

അഭിപ്രായങ്ങൾ

avatar ശ്രീ
0
 
 
നല്ല വാര്‍ത്ത
Wednesday 15 July 2009, 10:20
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
Last Updated on Tuesday, 14 July 2009 10:21